ārōgyajīvanaṁ
Health through Home Remedies


പഴങ്ങള്‍ ആരോഗ്യത്തിനു നല്ലതാണ്. ആശ്രയദോഷം ഏറ്റവും കുറവുള്ള ആഹാരം പഴങ്ങള്‍ ആണ്. അതുകൊണ്ടാണ് ഫലാഹാരം ആരോഗ്യപ്രിയര്ക്കും ആത്മീയര്‍ക്കും ഒക്കെ പഥ്യമായത്. (ഫലാഹാരം പിന്നീട് പലഹാരം ആയി എന്നത് വേറെ വിഷയം)
പഴമെന്നല്ല, എന്ത് ആഹാരസാധനമാണെങ്കിലും വൃത്തിയായും വെടിപ്പായും കഴിച്ചില്ലെങ്കില്‍ രോഗങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ മാരകരോഗങ്ങള്‍ തന്നെ ഉണ്ടാകാം എന്നതിനു ഒരു ഉദാഹരണമാണ് ഇത്.
പന്നികളില്‍ കണ്ടുവരാറുള്ള നാടവിരവര്ഗ്ഗത്തില്പ്പെട്ട ഒരു കൃമി (TAPE WORM) ആണ് TAENIA SOLIUM. മനുഷ്യരില്‍ ഈ കൃമി കടന്ന് തലച്ചോറില്‍ ഉണ്ടാക്കുന്ന ഒരു രോഗമാണ് NEUROCYSTICERCOSIS. ഈ കൃമികള്‍ തലച്ചോറില്‍ മുട്ടയിട്ടു പെരുകുന്ന ഒരു അവസ്ഥയാണിത്. പന്നിയിറച്ചിയും പന്നിയോടോപ്പം സഹവസിക്കുന്ന മറ്റു നാല്ക്കാലികളുടെ ഇറച്ചിയും മറ്റും കഴിക്കുക വഴിയാണ് ഈ രോഗം സാധാരണയായി ഉണ്ടാകുന്നത്. ഈ രോഗം രോഗിയില്‍ തുടര്‍ച്ചയായ ചുഴലിദീനം | അപസ്മാരം | EPILEPSY, മസ്തിഷ്കാഘാതം | STROKE, തലവേദന, തലചുറ്റല്‍ | മോഹാലസ്യം | DIZZINESS, NEUROPSYCHIATRIC DYSFUNCTION, കൂടാതെ മറ്റു പല മാരക ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. വൃത്തിശൂന്യമായ സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്കും ഈ രോഗം ഉണ്ടാകുന്നതായി കാണുന്നുണ്ട്.
വൃത്തിയുള്ള അന്തരീക്ഷത്തില്‍ ജീവിക്കുന്ന, സര്‍ക്കാര്‍ ജോലി ചെയ്യുന്ന, പൂര്ണ്ണസസ്യാഹാരിയായ എന്റെ ഒരു സുഹൃത്തിന് ഈ രോഗം നിര്‍ണ്ണയിക്കപ്പെട്ടു. അതേക്കുറിച്ച് നാല്‍പ്പതു വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഒരു ഭിഷഗ്വരനുമായി ചര്‍ച്ച ചെയ്യവേ, വേറെ ഏതു വഴിയില്‍ ഈ രോഗം വരാം എന്ന് ചികിത്സകന് പറഞ്ഞപ്പോഴാണ് അത് ഞെട്ടല്‍ ഉണ്ടാക്കുന്നത്. മൃഗങ്ങളെയും വളര്‍ത്തുന്ന കൃഷിയിടങ്ങളില്‍ നിന്ന് കൊണ്ടുവന്നു വൃത്തിയാക്കാതെ കഴിക്കുന്ന ഫലവര്‍ഗ്ഗങ്ങള്‍ ഇതിനു കാരണമാകാമത്രേ. ഇവിടെ ബാംഗ്ലൂരില്‍ സര്‍ക്കാര്‍ ആഫീസുകളുടെ പരിസരത്തു സര്‍വ്വസാധാരണമായി കിട്ടുന്ന, ഊണു കഴിഞ്ഞാല്‍ ഒട്ടു മിക്കവരും പോയി കഴിക്കുന്ന ഒരു വിഭവമാണ് പല ഫലങ്ങള്‍ മുറിച്ചിട്ടു അതില്‍ ഉപ്പും മസാലയും തേനും മറ്റും ചേര്‍ത്തു കൊടുക്കുന്ന “MIXED FRUIT CHAT”. എന്റെ സുഹൃത്തിന്റെയും ഒരു നിത്യാഹാരമാണ് ഈ സംഭവം. ഈ “FRUIT CHAT” ഉണ്ടാക്കുമ്പോള്‍ പഴങ്ങള്‍ കച്ചവടക്കാരന് ഒരിക്കലും കഴുകാറില്ല, അത് ഒരു കാര്യം. ഉണ്ടാക്കുന്നവന് സ്വന്തം കൈ പോലും കഴുകാറില്ല എന്നത് മറ്റൊരു കാര്യം. സുഹൃത്തിനു രോഗം വരാന്‍ കാരണം “FRUIT CHAT” ആണോ എന്ന് എനിക്ക് ഉറപ്പില്ല – പക്ഷെ ആള് പുറത്തു നിന്നു കഴിക്കുന്ന ഒരേയൊരു ആഹാരം അതാണെന്ന് ആള് സ്വയം അവകാശപ്പെടുന്നു.
കാരണം എന്തുമാകട്ടെ, തെരുവോരങ്ങളിലെ ഇത്തരം ആഹാരസാധനങ്ങള്‍ ഒഴിവാക്കുകയാണ് ഉത്തമം. ആഹാരം എന്തുമാകട്ടെ ശുചിത്വമുള്ള സാഹചര്യത്തില്‍ മാത്രം കഴിക്കുന്നത് നന്ന്. (കീടനാശിനികളൊക്കെ എത്ര ഭേദം?)
http://www.anthavasi.wordpress.com | http://www.arogyajeevanam.org
ദാഹത്തിനും ക്ഷീണത്തിനും മാത്രമല്ല അനേകം രോഗാവസ്ഥകളിലും ഉപയോഗിക്കാവുന്ന ഒരു വിശേഷ പാനീയമായി ഇളനീരിനെ നാം വിശേഷിപ്പിക്കാറുണ്ട്. തേങ്ങാവെള്ളത്തിന്റെയും തേങ്ങാപ്പാലിന്റെയും വെളിച്ചെണ്ണയുടെയുമൊക്കെ ഗുണഗണങ്ങളും മിക്കവാറും എല്ലാവർക്കും തന്നെ അറിയാം. പക്ഷേ തെങ്ങിൽ നിന്നെടുക്കുന്ന “കല്പ മധു ” എന്നറിയപ്പെടുന്ന ഇളം കള്ളിനെ പലരും അവഗണിക്കാറാണ് പതിവ് .
പഴയ തലമുറ കള്ളിനെ ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾക്കും കൂടാതെ രുചികരമായ പല ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കാനും വേണ്ടി ഉപയോഗിച്ചിരുന്നു.
ഉദാഹരണത്തിന് അല്പം മൂത്ത കള്ളിനെ ചൂടുള്ള അടുപ്പിൽ ചുവട്ടിൽ സൂക്ഷിച്ചുവച്ചിരുന്ന് ശുദ്ധമായ തെങ്ങിൻ ചൊറുക്കയായി മാറ്റിയെടുക്കുമായിരുന്നു.
നേർത്ത കള്ളിൽ പച്ചരി ഇട്ട് വേവിച്ച് കരുപ്പെട്ടി അഥവാ തെങ്ങിൻ ചക്കര ചേർത്ത് കുറുക്കി പായസമായി ഉപയോഗിച്ചിരുന്നത് ഉരഃക്ഷതത്തിനും ക്ഷയരോഗത്തിനുമെതിരെയുള്ള മുൻകരുതലായിരുന്നു.
കള്ളുപയോഗിച്ച് എപ്പോഴുമുണ്ടാക്കാൻ എളുപ്പമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് കള്ളപ്പവും വട്ടയപ്പവും.
മധുരക്കള്ള് വറ്റിച്ചെടുക്കുന്ന പാനി വളരെ വിശേഷപ്പെട്ട ഒരു മധുര ദ്രവ്യമാണ്.
മത്സ്യമാംസാദികൾ ഉൾപ്പെട്ട ഭക്ഷണത്തിനൊടുവിൽ പാനിയും പഴവും ചേർത്ത് ഉപയോഗിക്കാറുണ്ട്. ഇത് ദഹനത്തെ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നു.
വൈറ്റമിൻ ബി കൂടുതലായി അടങ്ങിയിരിക്കുന്ന മധുരക്കള്ള് കുറച്ച് മലർപ്പൊടിയും ചേർത്ത് ഒരൗൺസ് വീതം കുട്ടികൾക്ക് കൊടുക്കുന്നത് മറ്റേതൊരു വൈറ്റമിൻ സിറപ്പിനെക്കാളും നല്ലതാണ്.
ഇത് നല്ലൊരു ദഹനസഹായി കൂടിയാണ്.
അന്തിക്കു കിട്ടുന്ന ശുദ്ധമായ കള്ളിൽ കറുത്ത ഉണക്കമുന്തിരിയിട്ട് ഒരു രാത്രി വച്ചിരുന്ന് രാവിലെ കഴിക്കുന്നത് ധാതു വൃദ്ധിക്കും ശരീരപുഷ്ടിക്കും നിറം വർദ്ധിപ്പിക്കാനും സഹായകമാണ്.
ഇത്രയും പറഞ്ഞത് വീട്ടുവൈദ്യം മാത്രമാണ്.
ഇനി കള്ള് ഉപയോഗിച്ചുള്ള പ്രധാന ചികിത്സയിലേക്ക് കടക്കാം. ആക്സിഡന്റ് മൂലം നട്ടെല്ലുമുറിഞ്ഞ് തളർച്ച ബാധിച്ച കേസുകൾക്ക് ആധുനിക വൈദ്യ ചികിത്സ കുറേ നാൾ ചെയ്ത ശേഷവും മാറ്റം വരാത്ത അവസ്ഥയാണ് കാണുന്നത്.അപകടം സംഭവിച്ച് അധികനാളായില്ലെങ്കിൽ കള്ളിന്റെ മട്ടും മറ്റു മരുന്നുകളും ചേർത്തുള്ള ചികിത്സയിൽ ഫലം സിദ്ധിക്കാറുണ്ട് (അവലംബം:- സ്വാമി നിർമലാനന്ദഗിരി മഹരാജ്). ഹെമറേജ് കേസുകളിൽ ഇനി നടക്കാൻ സാധിക്കില്ല എന്ന് വിധിയെഴുതിയ പലരിലും ഇതേ ചികിത്സ ഔഷധസേവയോടൊപ്പം ചെയ്ത് അനുഭവഗുണം ലഭിച്ചിട്ടുണ്ട്. കൂടാതെ ക്ഷയരോഗം, പഴകിയ ചുമ, അർശ്ശസ് തുടങ്ങിയവയിലും ശുദ്ധമായ കല്പ മധുവും പച്ചമരുന്നുകളും ചേർത്തുള്ള ഔഷധ വിധികളുണ്ട്.
കള്ളുഷാപ്പിൽ നിന്നും കിട്ടുന്ന പലതരം മായങ്ങൾ ചേർത്ത വിഷദ്രാവകമായ കള്ളിനെപ്പറ്റിയല്ല ഇവിടെ പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല കള്ള് ചെത്തിയെടുത്താൽ നാലോ അഞ്ചോ മണിക്കൂറുകൾക്കുശേഷം ബോധം മറയ്ക്കുന്ന ലഹരി പാനീയമായി മാറും എന്നുള്ള കാര്യവും ഓർത്തിരിക്കേണ്ടതാണ്.
ആരോഗ്യത്തിന് നിദാനമായ പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് ആഹാരവും നീഹാരവും. പ്രപഞ്ചത്തിലെ സർവചരാചരങ്ങളുടെയും പ്രാണനാണ് ജലം. വെള്ളം, വെളിച്ചം, വായു, അന്തരീക്ഷം തുടങ്ങി പ്രകൃതിയിൽ നിന്നു ലഭിക്കുന്ന അനുഗ്രഹങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയത് ജീവജലം തന്നെയാണ്. ആകാശത്ത് മേഘങ്ങളിൽ നിന്ന് വർഷിക്കപ്പെടുന്ന ജലം അമൃതിന് സമമാണ്. അത് ത്രിദോഷ ശമനവും , രക്ത പ്രസാദത്തിന് ഉത്തമവും ആണെന്നാണ് ആചാര്യമതം. പക്ഷേ ദുഷിച്ചു കൊണ്ടിരിക്കുന്ന ദേശകാലങ്ങളുടെയും, മലിനമായ അന്തരീക്ഷത്തിന്റെയും സ്ഥിതിയെ ആശ്രയിച്ച് ഇത് അപത്ഥ്യം ആവുകയും ചെയ്യും. മഴവെള്ളത്തെ സംബന്ധിച്ചു മാത്രമല്ല ലവണങ്ങളാൽ സമ്പന്നമായിരുന്ന സമുദ്രജലത്തിന്റെയും ഒരുകാലത്ത് മന്ത്രങ്ങളുടെ അലയൊലികൾ മുഴങ്ങി കേട്ടിരുന്ന പുണ്യ തീർഥങ്ങളിലെ ജലത്തിന്റെയും അവസ്ഥ ഇപ്പോൾ ഇതു തന്നെ.
ചുരുക്കി പറഞ്ഞാൽ പ്രാണന് ഓജസ്സും തേജസ്സും നൽകി ആരോഗ്യം നിലനിർത്തുന്ന ജലം തന്നെയാണ് പ്രതികൂലസാഹചര്യങ്ങളിൽ രോഗകാരണമായി മാറുന്നതും .
ആഹാരത്തെക്കാൾ സൂക്ഷ്മമാണ് നീഹാരം. ജലത്തിന് ഒരു പ്രത്യേകതയുള്ളത് അതിന് നിയതമായ ക്രിസ്റ്റലുകൾ ഇല്ല എന്നതാണ് . അത് കൈകാര്യം ചെയ്യുന്ന ആളിന്റെ മനസ്സിന് അനുസരിച്ചും രീതികളനുസരിച്ചും അതിന്റെ ക്രിസ്റ്റൽ സ്വഭാവത്തിൽ വ്യത്യാസം സംഭവിക്കുന്നു. ജലത്തിന് സമീപമിരുന്ന് നാദം ഉതിർക്കുമ്പോഴും, ഒരു പുഷ്പം വീഴുമ്പോഴും ഒക്കെ അതിനനുസരിച്ച് ക്രിസ്റ്റലുകൾക്ക് രൂപമാറ്റമുണ്ടാകുന്നു. അതുകൊണ്ടുതന്നെ ജലം കൈകാര്യം ചെയ്യുന്ന ആളിന്റെ മനോവിചാരങ്ങളനുസരിച്ച് ഇതിന് ഉത്തമമോ അധമമമോ ആയ പരിണാമം സംഭവിക്കുന്നു.
ഭാരതീയ സംസ്കാരത്തിൽ ശുദ്ധീകരണ പ്രക്രിയയുടെ ആദി സ്രോതസ്സായി ജലത്തെ കണക്കാക്കിയിരിക്കുന്നതും ഈ സ്വഭാവം കൊണ്ടുതന്നെ.
ജപിച്ച് എടുക്കുമ്പോൾ ജലത്തിന് മാറ്റം സംഭവിക്കുന്നതു കൊണ്ടാണ് ക്ഷേത്രങ്ങളിൽ നൽകിവരുന്ന ശംഖ തീർത്ഥവും തുളസീ തീർത്ഥവും ഒക്കെ ഔഷധ പ്രഭാവം ഉള്ളതായി മാറുന്നത്. ഇവിടെയാണ് ആയുർവേദ ഔഷധങ്ങളും മറ്റു പച്ചമരുന്നുകളും കൈകാര്യം ചെയ്യേണ്ടതിന്റെ സൂക്ഷ്മതയെ കുറിച്ച് ഒരാൾ ബോധവാനാകേണ്ടത്. ഔഷധങ്ങളുടെ ഫലസിദ്ധിയുടെ പൂർണത അന്ധവിശ്വാസജഡിലമായി കരുതാവുന്ന എന്നാൽ തികച്ചും അനുഭവയോഗ്യമായ ഈ അറിവ് തന്നെയാണ്. ഇത് രോഗികളും വൈദ്യന്മാരും ഒരേപോലെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്.
“കാടിയായാൽ മൂടി കുടിക്കണം” എന്നൊരു പഴമൊഴിയുണ്ട്…. വീട്ടിലെ കരിങ്കൽ പാത്രത്തിൽ അരി കഴുകിയ വെള്ളം ശേഖരിച്ച് വച്ചിരുന്ന് പിന്നീട് പുളിച്ചു വരുമ്പോൾ അതിൽ ചില മരുന്നുകൾ ചേർത്തും ചേർക്കാതെയും ശരീരത്തിന് അകത്തേക്കും പുറത്തേക്കും ഉപയോഗിച്ചിരുന്ന കാരണവൻമാരെ തല നരച്ചു തുടങ്ങിയ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും….
പിൽക്കാലത്ത് കാടി, കഞ്ഞി എന്ന വാക്കുകൾക്ക് “അയ്യോ.. ദാരിദ്ര്യം ” എന്ന പദം വിദ്യാഭ്യാസമുള്ള മണ്ടൻമാർ കൊടുത്തു തുടങ്ങിയപ്പോൾ വീട്ടിലെ കൽച്ചട്ടികളിൽ ആന്തൂറിയവും ഓർക്കിഡും വളർന്നു… ഇന്ന് രോഗാതുരതയുടെ പടുകുഴിയിലേക്ക് മാനവൻ വീഴുമ്പോൾ ഗൃഹാതുരതയുടെയും രുചിയുടെയും പര്യായങ്ങളായി കഞ്ഞിയും കരിക്കാടിയും നക്ഷത്ര ശോഭയോടെ വിളമ്പുന്നു. അതാണ് കാടിയുടെ തറവാടിത്തം.’
ഇവിടെ ആയുർവേദ വിഭാഗത്തിൽ വാത വ്യാധികൾക്ക് ആണ് പ്രധാനമായും കാടി അഥവാ ധാന്യാമ്ളം ഉപയോഗിച്ചു വരുന്നത്. ഗാർഹിക ആവശ്യങ്ങൾക്ക് അരി കഴുകിയ വെള്ളമാണ് ലഭിക്കുക . അതിൽ നിന്ന് മാറി വെപ്പുകാടിയുടെ ഗുണങ്ങളെ കുറിച്ചാണ് പറയുന്നത്. ശരിയായ വെപ്പുകാടി നിർമാണത്തിന് കുറഞ്ഞത് 8 ദിവസത്തെ സമയവും അതിനു വേണ്ട മറ്റു മരുന്നുകളും ആവശ്യമുണ്ട്.’വെപ്പുകാടി കൊണ്ട് അവഗാഹ സ്വേദമോ കാടി ധാരയോ ആവാം.. 80 തരം വാത വ്യാധികളിലും ഇത് ഫലപ്രദമാണ്.
കാടിയിലിരുത്തൽ :
കാടിവയ്ക്കാൻ, കാടിയിൽ ഇരുത്താൻ എല്ലാം മുഹൂർത്തമുണ്ട്..
“സുഖമേ പുളിച്ചിരിക്കുന്ന കാടി ഒരു പാത്രത്തിൽ വീഴ്ത്തി ക്ലേശിതനായിരിക്കുന്നവനെ എണ്ണയും നെയ്യുമായി കുളുർക്കെ തേച്ച് കാടിയിലിരുത്തുക. ശരീരമാകെ വിയർപ്പോളം പിന്നെ തളർച്ച വരും മുന്നെ കരേറി കൊൾക.. ദ്രവസ്വേദ മിത്.. എത്ര ദിവസം വേണ്ടൂവെന്നാൽ ശൂല, സ്തംഭം ഇവശമിച്ച് ശരീരത്തിന്റെ മൃദുത്വം ഉണ്ടാകുവോളം വേണം”
ചികിത്സാ കൗതുകം
അനുഭവവേദ്യവും താരതമ്യേന ചിലവ് കുറഞ്ഞതുമായ ഈ ചികിത്സാ രീതിയിലൂടെ പക്ഷാഘാതം, തുടങ്ങി അതിസങ്കീർണ വ്യാധികളിൽ വരെ നല്ല ഫലം സിദ്ധിച്ചിട്ടുണ്ട്… നീരും വേദനയും നിറഞ്ഞ സന്ധിഗത രോഗങ്ങളിലും കാടി ചികിത്സ ഫലപ്രദമായി ചെയ്തുവരുന്നു.
ത്വക് രോഗങ്ങളിലും വിവിധ അവസ്ഥകളിൽ അകത്തേക്കും പുറമേക്കും കാടി ഉപയോഗിച്ചു വരാറുണ്ട്.
ഡോ. ശ്രീജിത്ത് സുരേന്ദ്രൻ
ശ്രീ വൈദ്യനാഥം ആയുർവേദ ആശുപത്രി
തൃപ്പൂണിത്തുറ..
Ph: 9188849691

അര്‍ശസ് കൊണ്ട് വലയുന്നവര്‍ക്ക് ആശ്വാസത്തിന് ചേന
വളരെയധികം ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് അര്‍ശസ് അഥവാ പൈല്‍സ്. അര്‍ശസ് രോഗികളുടെ പ്രധാനശത്രു മലബന്ധം ആണ്. പലപ്പോഴും കഴിക്കുന്ന ആഹാരം തന്നെയാണ് മലബന്ധം ഉണ്ടാക്കുന്നത്. മലബന്ധം ഉണ്ടാകാതെ സൂക്ഷിച്ചാല്‍ പൈല്‍സ് മൂലം ഉണ്ടാകുന്ന വേദനയും യാതനയും ഒരു പരിധി വരെ ഒഴിവാക്കാം.
വറുത്തതും പൊരിച്ചതും കരിച്ചതുമായ ആഹാരസാധനങ്ങള്‍, മാംസാഹാരം, മൈദാ കൊണ്ടുള്ള ആഹാരസാധനങ്ങള്‍, തവിടു കളഞ്ഞ അരിയുടെ ചോറ് ഒക്കെ ഒഴിവാക്കുന്നത് ഗുണം ചെയ്യും.
നാരുകള്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍, നാരുകള്‍ അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്.
ധാരാളം വെള്ളം കുടിക്കുക എന്നത് പ്രധാനം.
വാങ്ങാന്‍ കിട്ടുന്ന ഔഷധങ്ങളില്‍ ശിഖരിഗുളം അതീവഫലപ്രദമാണ്. ഒപ്പം ഇനിപ്പറയുന്ന ഒരു നാടന്‍ പ്രയോഗവും.
ചേന ഉപ്പും മഞ്ഞളും ഇട്ടു നന്നായി വേവിച്ച്, മോര് ചേര്‍ത്ത് നന്നായി മിശ്രണം ചെയ്തു ശീതീകരിച്ച് ദിവസം പല തവണയായി കഴിക്കുന്നത് അതീവഫലദായകമായ ഒരു പ്രയോഗമാണ്.
കടപ്പാട് : ഡോ. കെ.സി. ബല്‍റാം ബാംഗ്ലൂര്‍
NB : വളരെയധികം നാടന്‍ ഔഷധപ്രയോഗങ്ങള്‍ ഉണ്ട് അര്‍ശസിനെ നിയന്ത്രിച്ചു നിര്‍ത്താന്‍. സ്വാമിജി മഹാരാജിന്റെ ആരോഗ്യജീവനം ബ്ലോഗില്‍ കുറെയധികം ഔഷധപ്രയോഗങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തിട്ടുണ്ട് : https://urmponline.wordpress.com/tag/piles/

ഛർദ്ദി നിൽക്കാൻ മലര് ഇട്ടു വെന്ത വെള്ളം ചെറുചൂടോടെ ഇടയ്ക്കിടെ കുടിക്കുക. ഛർദ്ദി സാവകാശം നിൽക്കും. ഛർദ്ദി മൂലം ഉണ്ടായ ക്ഷീണവും മാറും.
മലരിനോടൊപ്പം കൂവളത്തിന്റെ ഇലകൾ ചേർത്ത് വെള്ളം തിളപ്പിച്ചാറ്റി കുടിച്ചാൽ ഛർദ്ദി പെട്ടന്നു നിൽക്കും.
കടകളിൽ നിന്നും വാങ്ങാൻ കിട്ടുന്ന മലര് ഉപയോഗിച്ചാലും ഗുണം കിട്ടും. വൃത്തിയാക്കിയ നെല്ല് മൺചട്ടിയിൽ ഇട്ട് ചൂടാക്കി മലരാക്കി അതിൽ വെള്ളം ഒഴിച്ചു തിളപ്പിച്ച് ഉപയോഗിക്കുന്നത് ഉത്തമം.

രാവണന് രാമബാണം പോലെയാണ്
അർശസ്സിന് ഉങ്ങിന്റെ തളിരിലകൾ.
അർശ്ശസ്സിന് അത്യന്തം ഫലപ്രദമായ ഔഷധപ്രയോഗങ്ങളാണ് ഇവ:
ഉങ്ങിന്റെ തളിരിലകളും ചെറിയ ചുവന്ന ഉള്ളിയും നന്നായി തേങ്ങ ചിരകിയിട്ട് തോരൻ വെച്ച് മുടങ്ങാതെ ദിവസവും കഴിക്കുക.
ഉങ്ങിന്റെ തളിരിലകളും ചെറിയ ചുവന്നുള്ളിയും ചേർത്ത് നല്ല പുളിയുള്ള മോര് കറി വെച്ച് മുടങ്ങാതെ കഴിക്കുക
രോഗമുള്ളവരും രോഗം മാറിയവരും കോഴിയിറച്ചിയും കോഴിമുട്ടയും കഴിക്കാൻ പാടില്ല.
മോരോ
കൈതയ്ക്കെഴും കൂന്പിൻ നീരോ
നല്ലുപ്പുവെള്ളമോ
മണ്ണെണ്ണയോ
ദ്രുതം ധാര ചെയ്താൽ
തീപ്പൊള്ളൽ പറ്റിടാ…
പറങ്കിമാന്പട്ടനീരിൽ
അതിന്റെ തളിർ കൽക്കമായ്
കാച്ചിപ്പഴവെളിച്ചെണ്ണ തേച്ചാൽ
തീപ്പൊള്ളൽ മാറിടും

ഔഷധം – കാഞ്ഞിരക്കുരു
കാഞ്ഞിരക്കുരുവിന് തോലും നഞ്ചും നീക്കിയെടുത്തുടന്
അരച്ചുചിതമായിട്ടു പാലില്‍ സേവിച്ചു കൊള്ളുകില്‍
വൃശ്ചികാദിവിഷങ്ങള്ക്കും വാതത്തിന്നും ഹരം വരും
കുഷ്ഠരോഗത്തിനും പിന്നെ രക്തദോഷത്തിനും തഥാ
കൊടുക്കാമിതുപോല്ത്തന്നെ മാത്രയോര്ത്തിട്ടു ബുദ്ധിമാന്
പിത്തം പെട്ടന്നു വര്‍ദ്ധിക്കും ധാതുപുഷ്ടിയുമങ്ങനെ.
കാഞ്ഞിരക്കുരു – ശുദ്ധി
കാഞ്ഞിരത്തിന് പഴത്തിന്റെ കുരു മാത്രമെടുക്കുക
നെല്ലില്വെച്ചു പുഴുങ്ങീട്ടു തൊലിയെല്ലാം കളഞ്ഞുടന്‍
പിളര്‍ന്നു മുളയും നീക്കി ചെറുതായിട്ടരിഞ്ഞുടന്
ചെറുചീരയുടെ നീരിലൊരുയാമം ശരിക്കിടാം
തെറ്റാമ്പരല്ക്കഷായത്തില് പിന്നെ വേവിച്ചുകൊള്ളുക
എന്നാല്‍ ശുദ്ധി ഭവിച്ചീടുമെന്നതിനില്ല സംശയം
More posts @ Arogya Jeevanam blog